“എണീക്കാറായില്ലെടേയ്?”, തൊട്ടപ്പുറത്തെ മുറിയിലെ സഹവാസി ബ്രഹ്മചാരി കതകിൽ തട്ടി അലാറമടിച്ചപ്പോഴാണോർമ്മ വന്നത്, അതിരാവിലെ പുഴയിൽ നീന്താൻ പോകാൻ തീരുമാനിച്ചത്. വേഗം എണീറ്റ് പല്ല്തേപ്പ്കുളി തേവാരം ഇത്യാദി പതിവുകളോക്കെ പാസാക്കി അണിഞ്ഞൊരുങ്ങി വെളിയിൽ വന്നപ്പോൾ, ദാണ്ടെ ഒരു മാതിരി സായിപ്പന്മാരെ നോക്കണ പോലെ ഉറങി എണീറ്റ അതെ അവ്വസ്ഥയിൽ തന്നെ നിൽക്കുന്ന സതീർത്ഥ്യന്റെ ഒരു വൃത്തികെട്ട നോട്ടം! “നീ എന്താടാ പെണ്ണ് കാണാൻ പോകുവാണോ? കുളിക്കാനല്ലെ പോണത്?” അപ്പഴാ ഓർത്തത്, “ഛെ ശരിയാണല്ലൊ.” ചമ്മിയത് വെളിയിൽ കാട്ടാതെ, വെറുതെ ഒന്ന് കാച്ചി…. “ന്നാലും ആദ്യമായിട്ടല്ലെ..”
ബൈക്കെടുത്ത് ലോഡ്ജിന്റെ വെളിയിൽ ഇറങ്ങി ബസ്സ് സ്റ്റോപ്പിൽ റ്റ്യുറ്റോറിയൽ കോളേജിൽ പോകാനൊരുങ്ങി നിൽക്കുന്ന പെൺകുട്ടികളേയും, പിന്നെ ചന്തപ്പള്ളിയിൽ പോകുന്ന തലയിൽ തട്ടമിട്ട അച്ചായ കുട്ടികളേയും വെറുതെ ഒന്ന് സർവെയെടുത്ത് ഹൈവേ വഴി കയറി മാർത്താണ്ഡ വർമ്മ പാലത്തിൽ കൂടി പറത്തിയോടിക്കുംപോൾ കൂട്ട്കാരൻ പുറകെയിരുന്ന് മൂളുന്നുണ്ടായിരുന്നു…..
“പുഴയോരഴകുള്ള പെണ്ണ് ആലുവ പുഴയോരഴകുള്ള പെണ്ണ്…”
അരുണോദയത്തിന്റെ സ്വർണ്ണ കിരണങ്ങളേറ്റ് കണ്ണ് ചിമ്മി നാണത്തിൽ തിളങ്ങുന്ന പുഴയുടെ അങ്ങെയറ്റത്തെ പാലത്തിൽ അപ്പോൾ നംബർ 19 ചെന്നൈ തിരുവനന്തപുരം മെയിൽ എതിർ ദിശയിൽ കടന്ന് പോകുന്നുണ്ടായിരുന്നു. പാലം കടന്ന് വലത്ത് തിരിഞ്ഞ് പുഴയുടെ സൈഡിൽകൂടിയുള്ള ഇടവഴിയിലൂടെ ബ്രാഹ്മണ സമൂഹം വഴി മണപ്പുറത്തിന്റ ആൽത്തറക്കടുത്ത് നിർത്തി സോപ്പ്, ചീപ്പ്, തോർത്ത്, മുതലായ അത്യാവശ്യ സാമഗ്രികൾ അടങ്ങുന്ന കവറുമായി കൽപ്പടവിലുടെയിറങി തീരത്തോട്ട് നടന്നു.
തുളസിക്കതിർ മാത്രം തിരുകിയ ഈറൻ മുടിക്കെട്ടുലഞ്ഞു പ്രദക്ഷിണം വരുന്ന ഒരു ചേച്ചിയൊഴികെ ശിവന്റെ അംബലത്തിൽ വേറൊരാളില്ലായിരുന്നു. പിന്നെ നദിയിൽ പിതൃ തർപ്പണം ചെയ്യുന്ന ഒരു കുടുംബവും, രാത്രി മുഴുവൻ മണൽ വാരി തളർന്ന് കുളിക്കുന്ന രണ്ട് മൂന്ന് ചെറുമന്മാരും. അവരാരും കാണാതെ തോർത്ത് ചുറ്റി പാന്റും ഷർട്ടു അഴിച്ച് മെല്ലെ പുഴയിൽ ഇറങ്ങി. അത്ര തണുപ്പോ ആഴമോ ഇല്ലെങ്കിലും, ഒരു പേടിയുണ്ടായിരുന്നു. ഒന്ന് മുങ്ങിത്താണെഴുന്നേറ്റപ്പോൾ ഒരു ധൈര്യം വന്നു.
“അവിട തന്നെ നീന്തിയാൽ മതി ട്ടോ…ഇങ്ങട് പോരണ്ട…” ദൂരെ കുളിക്കുന്ന ചെറുമന്റെ മണൽ വാരിയ കുറ്റബോധം സ്റ്റാറ്റ്യുട്ടറി വാർണ്ണിംഗ് രൂപേണ വന്നു. അക്കരെ ബലഭദ്ര സ്വാമി ക്ഷേത്രത്തിൽ നിന്നു പി. ലീലയുടെ സ്വരമാധുരിയിൽ നാരായണീയം നേർത്ത് കേൾക്കാമായിരുന്നു.
“ഏവം ദുർലഭ്യവസ്തുന്ന്യപി സുലഭതയാ ഹസ്തലഭ്യേ യദന്യത്..”
ഒന്ന് മുക്രയിട്ടെഴുന്നേറ്റപ്പോൾ പെട്ടെന്ന് ഒന്നും കേൾക്കാതെ പോലെയായി. ചെവിയിൽ വെള്ളം കയറി. കുറേ കുടഞ്ഞ് നോക്കിയിട്ടും ഒരു രക്ഷയില്ല. അവസാനം കൈയ്യിൽ വെള്ളെമെടുത്ത് ചെവിയിൽ ഒഴിച്ച് പെട്ടെന്ന് തല തിരിച്ച് വെള്ളം കളഞ്ഞു. ഒരൽപം എവിടെയോ തുറന്ന പോലെ തോന്നി. നീന്തൽ മതിയാക്കി കരയിൽ കയറി തുടച്ചുടുപ്പ് മാറി മുടി ചീകി ശിവന്റെയംബലത്തിൽ തൊഴുത് തീർത്ഥം സേവിച്ച് ചന്ദനം ചാർത്തി ബൈക്കിൽ കയറിയപ്പോഴെക്കും നല്ല വിശപ്പുണ്ടായിരുന്നു.
പിന്നെയൊട്ടും വൈകിച്ചില്ല. വേഗം ചന്തപ്പള്ളി വഴി കയറി റോഡരുകിൽ ഇറക്കത്തിൽ കാണുന്ന നീല പെയിന്റടിച്ച കമത്തിന്റെ കടയിൽ നിർത്തി അകത്ത് കയറി. ബെഞ്ചിൽ വെച്ച കരിങ്ങാലി വെള്ളം ആദ്യം ഒറ്റ വലിക്ക് കുടിച്ച് തീർത്തു. പിന്നെ ഇലച്ചീന്തിട്ട് അതിൽ ചൂട് തട്ടിൽ കുട്ടി ദോശ നാലെണ്ണം നല്ല നേർത്ത ഹോസ്റ്റൽ ചമ്മന്തിയൊഴിച്ച് പപ്പടം കൂട്ടി തട്ടി. ഒരു പഴം പുഴുങ്ങിയത് കൂട്ടിനും. അതൊക്കെ ഒന്ന് സെറ്റിലാവാൻ ഒരു ചൂട് ചായ അവസാനം. ബഹു തൃപ്തിയായി കമത്തിനു പറ്റ് പറഞ്ഞ് ബൈക്ക് സ്റ്റാർട്ടാക്കി കളമശ്ശേരി ബസ് റൂട്ടിൽ കയറി കമ്പനിയിലോട്ട് വിട്ടു.
ഒറ്റത്തടി. പരമസുഖം.
(Image courtesy : The Hindu)